ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

  സാമൂഹ്യസാംസ്കാരികചരിത്രം 

വേടരാജാക്കന്മാരുടെയും പഴശ്ശിയുടേയും ചരിത്രജീവിതങ്ങളുമായി ബന്ധമുള്ള വയനാടന്‍ ഗ്രാമങ്ങളിലൊന്നാണ് തവിഞ്ഞാല്‍. വേടരാജകുമാരിയായിരുന്ന ഇരവി തന്റെ സ്വന്തം കാതിലെ തോടകള്‍ വിറ്റ് സ്ഥാപിച്ച മൂന്ന് ക്ഷേത്രങ്ങളിലൊന്നാണ് തവിഞ്ഞാലിലെ ഇരവിമല(ഇരുമനത്തൂര്‍)യെന്ന് ഐതീഹ്യങ്ങളില്‍ കാണുന്നു. പഴശ്ശിയെ തളയ്ക്കാന്‍ പേരിയയിലും തിണ്ടുമ്മലിലും ഇംഗ്ളീഷുകാരുടെ സൈനികപോസ്റുകള്‍ നിലനിന്നിരുന്നു. നെപ്പോളിയനെ പോലും തോല്‍പിച്ച വെല്ലസ്ളിയെ കിടുകിടെ വിറപ്പിച്ച പഴശ്ശിരാജാവിനെ സഹായിച്ച വയനാട്ടുകാരില്‍ തവിഞ്ഞാല്‍കാര്‍ മുന്നില്‍നില്‍ക്കുന്നു. എടച്ചന കുങ്കന്റേയും തലയ്ക്കല്‍ ചന്തുവിന്റേയും വീരകഥകള്‍ ഇന്നാട്ടുകാര്‍ക്ക് സ്വന്തം ചരിത്രമാണ്. വയനാട്ടിലെ പ്രമുഖ ആദിവാസിസമൂഹമായ കുറിച്യപ്പടയാളികള്‍ പഴശ്ശിയോടൊപ്പം സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് പോരാടിയിരുന്നു. പഴശ്ശിയുമായി ബന്ധപ്പെട്ട ധാരാളം ക്ഷേത്രങ്ങളും ദേവസ്വംഭൂമികളും തവിഞ്ഞാല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. കഴുക്കോട്ടൂര്‍ എന്ന സ്ഥലത്ത് പഴശ്ശിരാജാവിന്റെ കോട്ടയും ക്ഷേത്രവും നിലനിന്നിരുന്നു. കുറ്റവാളികളെ കഴുവിലേറ്റുന്ന സ്ഥലം ആയിരുന്നതുകൊണ്ടാണ് ഈ സ്ഥലം കഴുക്കോട്ടൂര്‍ എന്നറിയപ്പെട്ടത്. പഴശ്ശിയുടെ കാലത്താണ് നായര്‍കുടുംബങ്ങള്‍ വയനാട്ടിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇതേകാലത്തുതന്ന മുസ്ളിങ്ങളും വയനാട്ടിലെത്തിയിരുന്നു. വയനാട്ടില്‍ ഇസ്ളാംമതം എത്തിച്ച സിദ്ധന്റേതാണ് പേരിയ ചുരത്തിലെ ഖബര്‍ എന്നു വിശ്വസിക്കപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് വയനാട്ടില്‍ കാപ്പികൃഷിയുടെ തുടക്കം. പട്ടാളക്കാരുടെ വിശ്രമവേളകള്‍ ഉപയോഗപ്പെടുത്താനാണ് കാപ്പികൃഷി ആരംഭിച്ചത്. അന്ന് കാപ്പി ഉണക്കിയിരുന്ന കാപ്പിക്കളം എന്ന സ്ഥലം ഇപ്പോഴും ഗതകാലസ്മരണകളുണര്‍ത്തിക്കൊണ്ട് ഇവിടെ നിലനില്‍ക്കുന്നു. യൂറോപ്യന്‍ കമ്പനികള്‍ വയനാട്ടില്‍ കാപ്പി, തേയില തോട്ടങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിച്ചത് 18-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്. തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ജോലിക്കാരെ ലഭിക്കുന്നതിനായി അന്ന് നിലവിലിരുന്ന അടിമക്കച്ചവടം ബ്രിട്ടീഷുകാര്‍ നിര്‍ത്തല്‍ ചെയ്തുവെങ്കിലും ജന്മിമാരില്‍ നിന്ന് വിട്ടുപോരാന്‍ അടിമകളെപ്പോലെ പണിയെടുക്കുന്നവര്‍ വൈമുഖ്യം കാട്ടിയതിനാല്‍ മംഗലാപുരത്തുനിന്നും തമിഴ്നാട്ടില്‍ നിന്നും ആളുകളെ കൊണ്ടുവരികയായിരുന്നു. ഇവരുടെ പിന്‍തലമുറക്കാര്‍ ഇന്നും തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്നു. അമ്പതുകളോടെ ഇവിടെയെത്തിയ കുടിയേറ്റ കര്‍ഷകര്‍ തവിഞ്ഞാലിന്റെ കാര്‍ഷിക സാമൂഹിക ഭൂപടത്തില്‍ സാരമായ മാറ്റം വരുത്തി. ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കുടിയേറ്റക്കാര്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫാദര്‍ ബ്രഗാന്‍ഡ ഈ മേഖലയില്‍ എടുത്തുപറയേണ്ട ഒരു വ്യക്തിത്വമാണ്. ഭൂപരിഷ്കരണ നിയമം കര്‍ഷകരെ മണ്ണിന്റെ ഉടമകളാക്കിമാറ്റി. വിവിധ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ആദ്യകാലം മുതല്‍ തന്നെ ഇവിടെ ശക്തി പ്രാപിച്ചിരുന്നു. സി.എച്ച്.ഭാസ്കരന്‍ പി.പി.ആലി എന്നിവര്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളായിരുന്നു. വൈവിധ്യങ്ങളുടെ സമന്വയസംസ്കാരമാണ് തവിഞ്ഞാല്‍ പഞ്ചായത്തിന്റേത്. 16.29 ശതമാനം കുറിച്യ, കുറുമ, പണിയ വിഭാഗത്തില്‍ പെടുന്ന ആദിവാസികളും 3.86 ശതമാനം പട്ടികജാതിക്കാരും ഉള്‍പ്പെടുന്നു. 35 ശതമാനം ക്രിസ്ത്യാനികളും 15 ശതമാനം മുസ്ളീംകളും 29.85 ശതമാനം ഹിന്ദുക്കളും ഏകോദരസഹോദരങ്ങളായി ഇവിടെ ജീവിച്ചുവരുന്നു. പഞ്ചായത്തില്‍ ആദ്യമായി 1923-ലാണ് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. 1942-ല്‍ ഇന്നത്തെ തവിഞ്ഞാല്‍ പ്രദേശത്ത് അന്ന് അരങ്ങത്തുംചാല്‍ എന്നറിയപ്പെട്ടിരുന്ന മീത്തലെ ഇളംപൂള്‍ കുഞ്ഞിരാമന്‍നായരുടെ വീട്ടിലെ പി.ജെ.മത്തായിമാസ്റ്റര്‍ കുടിപ്പള്ളിക്കൂടത്തില്‍ അക്ഷരം പഠിപ്പിച്ചുവന്നിരുന്നു. 1944-ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പഴശ്ശിയുടെ കാലത്തു തന്ന മുസ്ളീം സമുദായം ഈ പ്രദേശത്ത് താമസമുറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്രിസ്ത്യന്‍സമൂഹം എത്തിച്ചേര്‍ന്നതെന്നറിയുന്നു. പൌരാണിക പ്രൌഡിയോടെ യക്ഷയാഗത്തിന്റെ പുരാണകഥകളുമായി ബന്ധമുള്ള  മുതിരേരി ശിവക്ഷേത്രവും വൈശാഖമാഹോത്സവവുമായി ബന്ധമുള്ള പൌരാണിക ക്ഷേത്രമാണ് ആതോടൊപ്പം തന്നെ പുരാതനമായ വാളാട് ശ്രീകുരുക്കിലാല്‍ക്ഷേത്രവും അവിടുത്തെ ഉത്സവവും വളരെ വിശേഷപ്പെട്ടതാണ്. ആയിരങ്ങള്‍ പങ്കെടുക്കുന്ന ആഘോഷവും സര്‍വ്വമതസ്ഥരുടെ സൌഹാര്‍ദ്ദപങ്കാളിത്തവും ആഴ്ചകളോളം ഈ പ്രദേശത്തെ ഉത്സവലഹരിയിലാക്കാറുണ്ട്. വളരെ പുരാതനമായ ജമാ അത്ത് പള്ളി, ചുങ്കം ജമാ അത്ത് പള്ളി, 44-ാം മൈല്‍ മഖാം, വാളാട് പഴയപള്ളി എന്നിവയും മുസ്ളീങ്ങളുടെ അധിവാസത്തിന്റെ പഴമ ചൂണ്ടിക്കാണിക്കുവാന്‍ മതിയായ തെളിവുകളായി ഗണിക്കാവുന്നതാണ്. 1940-42 വര്‍ഷങ്ങളിലാണ് ഫാദര്‍ ദിയാറോയുടെ നേതൃത്വത്തില്‍ തലപ്പുഴ ചുങ്കത്ത് സെന്റ് തോമസ് ലത്തിന്‍ പള്ളി സ്ഥാപിതമായത്. തുടര്‍ന്ന് 27 പള്ളികള്‍ കൂടി ഉയര്‍ന്നുവന്നു. ആദിവാസികളില്‍ പണിയ വിഭാഗമാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.

കാര്‍ഷിക ചരിത്രം

വയല്‍നാട് എന്ന പദം ലോപിച്ചാണ് വയനാടായി മാറിയതെന്ന് പഴമക്കാര്‍ പറയുന്നു. അതുകൊണ്ടുതന്ന കാര്‍ഷികമേഖലയോട് വയനാട്ടുകാര്‍ക്ക് പ്രത്യേകിച്ച് തവിഞ്ഞാല്‍ പ്രദേശത്തുള്ളവര്‍ക്ക് ഒരു പ്രത്യേക പ്രതിപത്തി തന്നയുണ്ട്. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൃഷിരീതിയും വിളകളും മാറിമാറി പരീക്ഷിക്കുന്ന സാധാരണ വയനാടന്‍ കര്‍ഷകനെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഭൂവിസ്തൃതിയുടെ എഴുപതു ശതമാനത്തോളം കുന്നുകളായതിനാല്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളെപ്പോലെ നെല്‍കൃഷിക്ക് ഇവിടെ നന്നായി വേരുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്‍പതുകളില്‍ കുടിയേറ്റകര്‍ഷകര്‍ എത്തിച്ചേരുന്നതുവരെ മുപ്പത് ശതമാനത്തോളം വരുന്ന വയല്‍ പ്രദേശങ്ങള്‍ മാത്രമായിരുന്നു കൃഷിക്ക് ഉപയുക്തമാക്കിയിരുന്നത്. സ്വന്തം വീടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ നാമമാത്രമായി കാപ്പി, കുരുമുളക് തുടങ്ങിയ വിളകളും ഇല്ലാതിരുന്നില്ല. അക്കാലത്ത് വന്‍കിട തോട്ടമുടമകളുടെ തോട്ടങ്ങളും ആരംഭിച്ചിരുന്നു. അമ്പതുകളിലെ കുടിയേറ്റത്തോടെയാണ് കാര്‍ഷികമേഖലയില്‍ സമൂലമായ മാറ്റം സംഭവിക്കുന്നത്. പുതിയ കൃഷികളും കൃഷിരീതികളും തവിഞ്ഞാലിലേക്ക് കൊണ്ടുവന്നത് കുടിയേറ്റക്കാരായിരുന്നു. പരമ്പരാഗതമായ നെല്‍കൃഷിക്കു പുറമേ കുടിയേറ്റക്കാര്‍ ആദ്യമായി കൈവെച്ച മറ്റു മേഖലകള്‍ മരച്ചീനികൃഷിയും പുല്‍ത്തൈലകൃഷിയുമായിരുന്നു. കുന്നിന്‍ പ്രദേശങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടിയേറ്റക്കാര്‍ ഈ കൃഷി ആരംഭിച്ചത്. ബ്രിട്ടീഷ് ഈസ്റ് ഇന്ത്യാ കമ്പനിയാണ് വയനാട്ടില്‍ കാപ്പികൃഷി ആരംഭിച്ചത്. ചുരുങ്ങിയ തോതില്‍ കൃഷി ചെയ്തിരുന്ന കാപ്പി വ്യാപകമായത് 1950-കളിലാണ്. വന്‍കിട കൃഷിക്കാര്‍ക്ക് മാത്രം പ്രവേശിക്കാവുന്ന മേഖലയായിരുന്ന തേയിലകൃഷി ഇന്ന് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും പ്രാപ്യമായിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മ്മിക്കപ്പെട്ട തലശ്ശേരി-മാനന്തവാടി സ്റ്റേറ്റ് ഹൈവേ ആണ് പഞ്ചായത്തിലെ ആദ്യത്തെ റോഡ്. ഈ റോഡ് പഞ്ചായത്തിലെ ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ സഹായകമാവുന്നു. 1970 വരെ പഞ്ചായത്തിലെ ആരോഗ്യരംഗം ഏതാനും നാട്ടുവൈദ്യന്മാരെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. 1979-ല്‍ പോരൂര്‍ ഗവ.ആയൂര്‍വേദ ഡിസ്പെന്‍സറി സ്ഥാപിതമായി. തുടര്‍ന്ന് പേര്യയില്‍ 1989-ല്‍ ഒരു അലോപ്പതി ഡിസ്പെന്‍സറി നിലവില്‍ വന്നു. 1950 കാലഘട്ടങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍, ആളുകളുടെ സാമ്പത്തികശേഷി അളക്കുന്നതിന് കന്നുകാലിസമ്പത്ത് ഒരു ഉപാധിയായി സ്വീകരിച്ചുപോന്നിരുന്നു. അക്കാലത്ത് തവിഞ്ഞാല്‍ പഞ്ചായത്തില്‍ താമസിച്ചിരുന്ന പുരാതനകുടുംബങ്ങളിലെല്ലാം വന്‍തോതില്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നു. വര്‍ഷകാലങ്ങളില്‍ കൃഷിയിറക്കുന്ന വിശാലമായ നെല്‍പ്പാടങ്ങളും ധാരാളമായി നടന്നുമേയുന്നതിന് ഉപയുക്തമായ മേച്ചില്‍ ഭൂപ്രകൃതിയും പഞ്ചായത്തിലെ കാലിസമ്പത്ത് നിലനിര്‍ത്തിപ്പോന്നു. പഴയ തറവാടുകളിലെല്ലാം ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായി 500-ലധികം കന്നുകാലികളെ ഒരുമിച്ചു സംരക്ഷിച്ചിരുന്ന പ്ടാവ- ആലകള്‍ സാര്‍വത്രികമായിരുന്നു.